Friday 30 November 2012

മാലിന്യസംസ്‌കാരം കേരളത്തില്‍ !

നാഷണല്‍ ജിയോഗ്രഫിക്‌ മാഗസിന്‍ ലോകത്തിലെ പത്ത്‌ സ്വര്‍ഗങ്ങളിലൊന്നായി കേരളത്തെ വിശേഷിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രകൃതിരമണീയമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിരുന്നു. കേരളത്തിന്റെ ഹരിതഭംഗിയും പ്രകൃതിയുടെ മനോഹാര്യതയും സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റി. ദൈവത്തിന്റെ സ്വന്തം നാടെന്ന അസൂയാര്‍ഹമായ വിശേഷണം തെല്ലഹങ്കാരത്തോടെ നാം പേറി നടന്നു.
എന്നാല്‍ ഇന്നിപ്പോള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നതായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌. പൊതുനിരത്തുകളും റെയില്‍വേസ്റ്റേഷനും ബസ്‌ സ്റ്റാന്‍ഡുകളും മാലിന്യകൂമ്പാരങ്ങളായിരിക്കുന്നു. പുഴകളിലേക്കും തോടുകളിലേക്കും ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുകയും കക്കൂസ്‌ മാലിന്യങ്ങള്‍ പോലും നിക്ഷേപിക്കുകയും ചെയ്യുന്നു. അറവുമാലിന്യങ്ങളും കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും വഴിയോരങ്ങളിലും മറ്റും നിക്ഷേപിക്കുന്നതു മൂലം മൂക്കുപൊത്താതെ വാഹനത്തില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്‌.
കായലുകളിലും തോടുകളിലും കോളിഫോം ബാക്‌ടീരിയയുടെ എണ്ണം ക്രമാതീതമായി പെരുകിയതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ഇവിടുത്തെ തട്ടുകടകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെ പഴകിചീഞ്ഞ ഭക്ഷണങ്ങള്‍ വിളമ്പുന്നു. ഇതിന്റെയെല്ലാം അനന്തരഫലമായി വ്യാപകമായ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു.
പൊതുവെ വിദ്യാസമ്പന്നരും മതാത്മക ജീവിതശൈലി പിന്തുടരുന്നവരുമായ കേരള ജനത മാലിന്യസംസ്‌കാരവുമായി പൊരുത്തപ്പെട്ടിരിക്കുന്നു എന്ന വൈരുധ്യം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌.
ഹൈന്ദവ, മുസ്‌ളിം, ക്രിസ്‌ത്യന്‍ വിഭാഗങ്ങളുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളും ആരാധനാലയങ്ങളും ധ്യാനകേന്ദ്രങ്ങളും കേരളത്തില്‍ ധാരാളമുണ്ട്‌. പരിസര ശുചീകരണവും പരിസ്ഥിതി സംരക്ഷണവും പൊതുവെ ഇവിടെ മതങ്ങളുടെ പരിഗണനാവിഷയമായിട്ടില്ല.
ക്രൈസ്‌തവര്‍ ഇക്കാര്യത്തില്‍ ഒരു പടി മുന്നിലാണെന്ന്‌ പറയാം. കത്തോലിക്കാ മെത്രാന്‍ സമിതി വിശ്വാസികളില്‍ പരിസ്ഥിതി അവബോധമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവഗണിക്കുന്നില്ല. എന്നാല്‍ പ്രായോഗികമായി പരിസ്ഥിതി സൗഹൃദപരമായ ഒരു ക്രൈസ്‌തവശൈലി ഇനിയും രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
അടുത്തിടെ എറണാകുളത്തെ ഒരു തീര്‍ത്ഥാടനകേന്ദ്രത്തില്‍ കണ്ട കാര്യങ്ങള്‍ പറയാം. ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ അവിടെയെത്തുന്നത്‌. നഗരത്തിലെ പ്രധാന റോഡിനോട്‌ ചേര്‍ന്നാണ്‌ ഈ ദേവാലയം. അവിടെ വിശ്വാസികള്‍ തിരികത്തിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ പതിവാണ്‌. വിശ്വാസികള്‍ വലിച്ചെറിഞ്ഞ ആയിരക്കണക്കിന്‌ മെഴുകുതിരിക്കൂടുകള്‍ റോഡിലും പരിസരത്തുമായി ചിതറിക്കിടക്കുകയാണ്‌. കുട്ടികള്‍ക്ക്‌ കൊടുക്കുന്ന ബിസ്‌കറ്റ്‌ കൂടുകളും പ്ലാസ്റ്റിക്ക്‌ കുപ്പികളും ഒക്കെക്കൂടി ഒരുക്കിയ കാഴ്‌ച തികച്ചും അരോചകമായിരുന്നു. ആരാധനാലയത്തിനോ ആരാധകര്‍ക്കോ ചേര്‍ന്നതല്ലല്ലോ ഈ പെരുമാറ്റരീതി.
ആരാധനാലയങ്ങളുടെ പരിസരത്തെ പെരുമാറ്റ രീതി ഇതാണെങ്കില്‍ മറ്റിടങ്ങളില്‍ ഇവര്‍ എങ്ങനെ പെരുമാറുമെന്ന്‌ ഊഹിമാക്കമല്ലോ.
സമാന്യമായ ശുചിത്വബോധവും മറ്റുള്ളവരോട്‌ പരിഗണനയുമുള്ള ഒരാള്‍ക്ക്‌ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. എല്ലാം മനോഹരമായും ചിട്ടയായും ക്രമീകരിച്ചാണ്‌ ദൈവം പ്രകൃതിയെ മനുഷ്യന്‌ ഭരമേല്‌പിച്ചത്‌. അതിന്റെ ഉത്തരവാദിത്വമുള്ള കാര്യസ്ഥനായിരിക്കേണ്ട മനുഷ്യന്‍ സ്വീകരിക്കുന്ന വിരുദ്ധമായ നിലപാടുകള്‍ പാപം തന്നെയാണ്‌. തന്നെത്തന്നെയും ദൈവത്തെയും സഹജീവികളെയും സ്‌നേഹിക്കുക എന്നതില്‍ വ്യക്തിപരവും സാമൂഹികവുമായ മാനങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. പ്രാര്‍ത്ഥനയും ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസത്തിന്റെ തുടര്‍ച്ചയും പ്രതിഫലനവുമാണല്ലോ. വിശ്വാസത്തിന്റെ വാതില്‍ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഇക്കാര്യത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. വിശ്വസിക്കുക എന്നത്‌ ഒരു സ്വകാര്യകര്‍മമാണെന്ന്‌ ക്രൈസ്‌തവന്‍ ഒരിക്കലും ചിന്തിക്കാന്‍പാടില്ല. കര്‍ത്താവിനോടൊപ്പം നില്‌ക്കാന്‍ തീരുമാനിക്കലാണ്‌ വിശ്വാസം. അങ്ങനെ നില്‌ക്കുന്നത്‌ അവിടുത്തോടുകൂടി ജീവിക്കാനാണ്‌. അതുകൊണ്ട്‌ ഒരുവന്‍ വിശ്വസിക്കുന്നതിനെ സംബന്ധിച്ച്‌ സാമൂഹികമായ ഉത്തരവാദിത്വമുണ്ടായിരിക്കണം. വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ വ്യക്തിപരവും അതേ സമയം സാമൂഹികവുമാണ്‌!!
തന്നെതന്നെ പൂര്‍ണമായും മറ്റുള്ളവര്‍ക്ക്‌ സ്വയം സമര്‍പ്പിച്ച കര്‍ത്താവിനോടൊപ്പം നില്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്ന വിശ്വാസിക്ക്‌ സമൂഹത്തെയും പ്രകൃതിയെയും കണ്ടില്ലെന്ന്‌ നടിക്കാനാവുമോ? മറ്റുള്ളവരുടെ സുസ്ഥിതിയെക്കുറിച്ച്‌ കരുതലില്ലാത്തവനായിരിക്കാന്‍ കഴിയുമോ? ഇവിടെ വിശ്വാസികള്‍ക്ക്‌ അതിന്‌ കഴിയുന്നുണ്ട്‌ എന്നത്‌ വിശ്വാസത്തിന്റെ സ്വഭാവത്തിന്റെ വൈകല്യത്തെയാണ്‌ വ്യക്തമാക്കുന്നത്‌.
ഇവിടുത്തെ എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ മതപരമായ ആചാരാനുഷ്‌ഠാനങ്ങളില്‍ വളരെ ജാഗ്രതപുലര്‍ത്തുന്നവരാണ്‌. എന്നാല്‍ വിശ്വാസം അതിന്റെ വൈയക്തികവും സാമൂഹികവുമായ തലങ്ങളില്‍ ജീവിക്കപ്പെടുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ആചാരാനുഷ്‌ഠാനങ്ങളില്‍ മാത്രം കുടുങ്ങിക്കിടക്കുന്ന വിശ്വാസം അന്ധമാണ്‌. അപ്പോള്‍ ആചാരങ്ങള്‍ അനാചാരങ്ങളാകുന്നു; അര്‍ത്ഥരഹിതങ്ങളാകുന്നു. ഇങ്ങനെയുള്ള വിശ്വാസികളുടെ കാപട്യത്തിന്റെ മുഖകാഴ്‌ചയാണ്‌ മാലിന്യസമ്പന്നമായ കേരളത്തില്‍ പ്രതിഫലിക്കുന്നത്‌.
മറ്റു മനുഷ്യനോട്‌ ആദരവും സ്‌നേഹവും ഉള്ള ഒരു ആത്മീയ മനുഷ്യന്‍ വ്യാപരിക്കുന്ന എല്ലാ മേഖലകളിലും അത്‌ പ്രകടിപ്പിക്കണം. ധ്യാനവും പ്രാര്‍ത്ഥനയും തീര്‍ത്ഥാടനവുമൊക്കെ മുടങ്ങാതെ നടത്തുകയും എന്നാല്‍ ശുചിത്വവും പരിസ്ഥിതി അവബോധവും ഇല്ലാതിരിക്കുകയും ചെയ്‌താല്‍ അത്‌ അനുചിതവും ദുര്‍മാതൃകയുമാണ്‌. വീട്ടിലും പൊതുനിരത്തിലും യാത്രാവാഹനങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലുമൊക്കെ പാലിക്കേണ്ട ശുചിത്വമര്യാദകളും പെരുമാറ്റ രീതികളുമുണ്ട്‌. എവിടെയും എന്തും വലിച്ചെറിയുന്ന മലയാളി സ്വയം സൃഷ്‌ടിച്ച മാലിന്യക്കൂമ്പാരത്തിനുള്ളില്‍ കിടന്ന്‌ പരിഹാസ്യനാകുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിക്ക്‌ പിന്നില്‍ മലയാളി ഒളിപ്പിക്കുന്ന വികൃതസംസ്‌കാരത്തിന്റെ ദുര്‍ഗന്ധം പാരെങ്ങും പ്രസരിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാവരെയും എല്ലാറ്റിനേയും സ്‌നേഹിക്കുന്ന ഒരു പുതിയ സംസ്‌കാരവും ജീവിതശൈലിയും സ്വീകരിച്ച്‌ ദൈവത്തിന്റെ സ്വന്തം നാടെന്ന പേര്‌ അന്വര്‍ത്ഥമാക്കാന്‍ ഒരു തിരിച്ചുപോക്കിന്‌ വിശ്വാസവര്‍ഷാചരണം ഉപകരിക്കട്ടെ.

ഇ.എം.പോള്‍